ടൊറന്റോ: നഗരത്തിലെ സിറ്റി ഹാളിനുള്ളിലെ തെറ്റായ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുപാട് ആരോപണങ്ങൾ നേരിടുന്നതായി ഓഡിറ്റർ ജനറലിൻ്റെ ഓഫീസ് റിപ്പോർട്ട് ചെയ്തു. തട്ടിപ്പിന്റെ ഭാഗമായി ചില സിറ്റി വർക്കേഴ്സിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വർഷം റിപ്പോർട്ടിംഗ് ഹോട്ട്‌ലൈൻ വഴി തട്ടിപ്പുകേസുകളിൽ 1,054 പരാതികൾ ലഭിച്ചതായി ഓഡിറ്റർ ജനറലിൻ്റെ ഓഫീസ് അറിയിച്ചു. 2002 ൽ ആരംഭിച്ച ഈ പ്രോഗ്രമിൽ ഇതുവരെ ലഭിച്ച പരാതികളിൽ ഏറ്റവും ഉയർന്ന കണക്കാണിത്.
നഗരത്തിലെ നികുതിദായകരായ ജനങ്ങളെ വഞ്ചിക്കുന്നത് ന്യായമല്ല, ഓരോ ഡോളറും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ചിലവാകുന്നതെന്ന് ഉറപ്പാക്കണമെന്നും ടൊറൻ്റോ കൗൺസിലർ ജോഷ് മാറ്റ്ലോ പറഞ്ഞു.
നേരിടുന്ന ആരോപണങ്ങൾ മുനിസിപ്പൽ ജീവനക്കാരെയും താമസക്കാരെയും സിറ്റി ഹാളിൽ ബിസിനസ്സ് നടത്തുന്ന കമ്പനികളെയും മുൻനിർത്തിയാണ്. കഴിഞ്ഞ വർഷം വഞ്ചനയ്ക്കും, തട്ടിപ്പിനും ഭാഗമായ ഒരു ഡസനോളം സിറ്റി വർക്കേഴ്സ് ആണ് നഗരത്തിൽ ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത്തരം കേസുകളിലായി നഷ്ടം ഏകദേശം 30 മില്യൺ ഡോളറാണെന്ന് ഓഡിറ്റർ കണക്കാക്കുന്നു.
ഓരോ ഡോളറും വിലപ്പെട്ടതാണ്. നിയമലംഘനങ്ങൾ ആരു നടത്തിയാലും അവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഓഡിറ്റ് കമ്മിറ്റി അംഗം പോള ഫ്ലെച്ചർ പറഞ്ഞു.