മുംബൈ: ചിപ് നിർമാതാക്കളായ ഇന്റലിന്റെ മുൻ ഇന്ത്യൻ മേധാവി അവതാർ സൈനി(68) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. നവി മുംബൈയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സൈക്കിളിൽ സവാരിക്കിടെ സൈനിയെ അതിവേഗത്തിൽ എത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇന്ത്യയിൽ ഇന്റലിന്റെ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ് അവതാർ.ഇന്റൽ 386, 486 എന്നീ മൈക്രോപ്രൊസസറുകൾ നിർമിക്കുന്നതിൽ അവതാർ നിർണായക പങ്കുവഹിച്ചു. ഇന്റലിന്റെ പെന്റിയം എന്ന പ്രൊസസർ രൂപകൽപന ചെയ്യുന്നതിന് നേതൃത്വം വഹിച്ചതും അദ്ദേഹമാണ്.