മാര്‍ച്ച് 8 ഇന്ന് അന്താരാഷ്ട്ര വനിതാദിനമാണ്. സ്ത്രീകളുടെ ക്ഷേമത്തെ കുറിച്ചും അവരുടെ ഉന്നമനത്തെ കുറിച്ചുമെല്ലാം കാര്യമായ ചര്‍ച്ചകളുയരുന്ന ദിവസമാണ്. ഈ ദിവസത്തെ ചരിത്രവും പ്രാധാന്യവും അറിയാം.
1975 ല്‍ ആണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. എന്നാല്‍ അതിനും എത്രയോ മുമ്പ് തന്നെ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ആരംഭിച്ചിരുന്നു. 1909 ഫെബ്രുവരി 28 ന് അമേരിക്കയില്‍ തെരേസ, മല്‍ക്കീല്‍, അയ്റ സലാസര്‍ എന്നീ വനിതകളുടെ നേതൃത്വത്തിലാണ് ആദ്യമായി വനിതാ ദിനം ആചരിക്കപ്പെട്ടത്.
1910 കോപ്പന്‍ഹേഗനില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള 100 പേര് പങ്കെടുത്ത ലോക വനിതാ സമ്മേളനം വനിതാദിനത്തിന് അടുത്ത പടിയായി. അതിനും ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975 ല്‍ ഐക്യരാഷ്ട്ര സഭാ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത്.
![](http://mcnews.ca/wp-content/uploads/2024/02/KIA-Trinity-Group-1024x576.jpg)
1908 ല്‍ ന്യൂയോര്‍ക്കിലെ 15000 വനിതാ ജീവനക്കാര്‍ തുല്യവേതനവും മെച്ചപ്പെട്ട തൊഴില്‍ സഹാചര്യവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സംഭവം വനിതാദിനചാരണത്തിലേക്ക് നയിച്ചു, ജോലി സമയത്ത് ഇളവ് വരുത്തുക, ശമ്പളത്തില്‍ ന്യായമായ വര്‍ദ്ധനവ് വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ഈ സമരം വ്യാപിപ്പിച്ചു. അങ്ങനെ 1909 ല്‍ ന്യൂയോര്‍ക്കിലെ സ്ത്രീകള്‍ വനിതാ ദിനം ആചരിച്ചു.
ഓരോ വര്‍ഷവും വനിതാ ദിനത്തിന്റെ വിഷയം മാറിക്കൊണ്ടിരുന്നു, ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ വിഷയം അല്ലെങ്കില്‍ തീം എന്നത് ഇന്‍വെസ്റ്റ് ഇന്‍ വിമന്‍: : ആക്സലറേറ്റ് പ്രോഗ്രസ്സ് (Invest in women: Accelerate progress) എന്നതാണ്.