തിരൂര്‍: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് വ്യാജപ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദ്ദീന് (45) ആണ് അറസ്റ്റിലായത്. ഫേസ്ബുക്ക് വഴി ആയിരുന്നു വ്യാജപ്രചരണം നടത്തിയത്. തിരൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.
മാര്‍ച്ച് 25 അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നായിരുന്നു പ്രചരണം. ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീന് തയ്യാറാക്കുമെന്നും ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കുമെന്നും ഷറഫുദ്ദീന് പങ്കുവെച്ച സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. തിരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ രമേഷ്, എസ്.ഐ എ.ആര് നിഖില്‍, സി.പി.ഒമാരായ അരുണ്‍, ധനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.