ടൊറന്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലകളിൽ ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ 50 മില്ലിമീറ്റർ വരെ മഴ പെയ്തേക്കും. കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടിനും കാരണമാകും. മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റ് വൈദ്യുതി തടസത്തിന് കാരണമാകും.
ജിടിഎയിൽ ഓഷവ മുതൽ നയാഗ്ര വരെയാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇന്നലെ നഗരത്തിലുടനീളം കനത്ത മഴ പെയ്തിരുന്നു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ചയോടെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.