ടൊറൻ്റോ : കോവിഡ് മഹാമാരി പോലെ വരാനിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥകൾക്കായി തയ്യാറെടുത്ത് ഫെഡറൽ സർക്കാർ. ഇതിനായി രാജ്യത്തുടനീളം 574 ദശലക്ഷം ഡോളറിന്റെ 19 പദ്ധതികളാണ് സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്. അവയിലൊന്ന് നിലവിലുള്ള അത്യാഹിത വിഭാഗങ്ങളുടെയും പ്രാഥമിക പരിചരണ ക്ലിനിക്കുകളുടെയും ദേശീയ ശൃംഖലയാണ്. കൂടാതെ രോഗികളിൽ ഉണ്ടാവാൻ ഇടയുള്ള പുതിയ വൈറസുകളുടെ സാധ്യതയും ഇതുവഴി പരിശോധിക്കും.
വാക്സിനുകളും ചികിത്സകളും നടത്തി അപകടകരമായ വൈറസുകളെ നേരത്തെ കണ്ടെത്തി രോഗത്തിന് വേഗത്തിൽ ചികിത്സിക്കാനായി ബയോമെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളും കമ്പനികളും ഈ നെറ്റ്വർക്കിൽ ഉൾപ്പെടുത്തും. ഇത്തരം പുതിയ പദ്ധതികൾ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സഹായകമാണെന്ന് ടൊറൻ്റോയിലെ സെൻ്റ് മൈക്കിൾസ് ഹോസ്പിറ്റലിലെ പ്രോജക്ട് ലീഡ് ഡോ. ആൻഡ്രൂ പിൻ്റോ പറഞ്ഞു.
കൂടാതെ വാക്സിനുകൾ, ജീൻ തെറാപ്പികൾ, സെൽ തെറാപ്പികൾ എന്നിവ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന ഒരു പുതിയ ബയോ മാനുഫാക്ചറിംഗ് സെൻ്റർ നിർമ്മിക്കുന്നതിനായി ഓട്ടവ ഹോസ്പിറ്റലിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കാനഡ ബയോമെഡിക്കൽ റിസർച്ച് ഫണ്ടിലേക്കും ബയോസയൻസസ് റിസർച്ച് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലേക്കും നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ പദ്ധതികൾ തിരഞ്ഞെടുത്തത്.