കാൽഗറി : കൊളറാഡോ ന്യൂനമർദ്ദത്തെ തുടർന്ന് ഇന്ന് മുതൽ ബുധനാഴ്ച വരെ മധ്യ, വടക്കൻ ആൽബർട്ടയിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമാണ് ഏറ്റവും കൂടുതൽ മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.
പല പ്രദേശങ്ങളിലും 50 മുതൽ 70 മില്ലിമീറ്റർ വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രാദേശികമായി 80 മില്ലീമീറ്ററോ അതിൽ കൂടുതലോ മഴ പെയ്യാനും സാധ്യത ഉണ്ടെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. അതേസമയം കാൽഗറിയിൽ 10 മുതൽ 20 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. തെക്കൻ ആൽബർട്ടയിൽ ചെറിയ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. ചൊവ്വാഴ്ച താപനില കുറയുന്നതിനാൽ താഴ്വരകളോടും മലനിരകളോടും ചേർന്നുള്ള പ്രദേശങ്ങളിൽ മഞ്ഞുമഴയും പ്രതീക്ഷിക്കുന്നു.
കാൽഗറിയിലെ ശരാശരി പകൽ താപനില 15 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ, ചൊവ്വാഴ്ച കാൽഗറിയിലെ പകൽസമയത്തെ ഉയർന്ന താപനില സീസണലേക്കാൾ 9 ഡിഗ്രി കുറവായിരിക്കും. വ്യാഴാഴ്ച താപനില 19 ഡിഗ്രി സെൽഷ്യസിൽ എത്തുകയും വാരാന്ത്യത്തോടെ 20 സെൽഷ്യസിലേക്ക് എത്തുകയും ചെയ്യും.