ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. പത്ത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 93 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതലാണ് പോളിംങ് ആരംഭിക്കുക. ആയിരത്തിമുന്നൂറിലേറെ സ്ഥാനാര്‍ത്ഥികളാണ് മത്സരംഗത്തുള്ളത്. ഗുജറാത്ത്, കര്‍ണാടക, സംസ്ഥാനങ്ങളാണ് മൂന്നാംഘട്ടത്തിലെ ശ്രദ്ധകേന്ദ്രങ്ങള്‍.
ഗുജറാത്തിലെ 25 സീറ്റുകള്‍, കര്‍ണാടകയില്‍ ബാക്കിയുള്ള 14 സീറ്റുകള്‍, മഹാരാഷ്ട്രയിലെ 11, ഉത്തര്‍പ്രദേശിലെ 10 സീറ്റുകളിലുമാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ അസം – 4, ഛത്തീസ്ഗഡ് -7, ബിഹാര്‍ -5, മധ്യപ്രദേശ് -9, പശ്ചിമ ബംഗാള്‍ -4 ഗോവ, ദാദ്ര നാഗര്‍ ഹവേലി എന്നിവിടങ്ങളിലെ 2 വീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് ജോഷി, എന്നിവരെ കൂടാതെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ്ജ് സിംങ് ചൗഹാന്, എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്, സിപിഐഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം തുടങ്ങിയവരാണ് മൂന്ന് ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.
കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പിലും വോട്ടെടുപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ സമയബന്ധിതമായി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചിരുന്നില്ല. മൂന്നാം ഘട്ടം മുതല്‍ എങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് ഇതിന് തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്. മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ആകെയുള്ള 543 സീറ്റുകളില്‍ 283 സീറ്റുകളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.