ഓട്ടവ : കിഴക്കൻ ഒൻ്റാരിയോയിൽ കാണാതായ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ സ്വദേശി ട്രക്ക് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്. ഏപ്രിൽ 24 മുതൽ ഒൻ്റാരിയോ കോൺവാളിന് സമീപം സമ്മർടൗണിൽ നിന്നും കാണാതായ ട്രാൻസ്പോർട്ട് ട്രക്ക് ഡ്രൈവറായ ബ്രയാൻ ലുഷ് (51) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹത ഇല്ലെന്നും പൊലീസ് പറയുന്നു.
സമ്മർടൗണിലെ കൗണ്ടി റോഡ് 27-ലെ പെട്രോൾ പമ്പിലാണ് ബ്രയാൻ ലുഷിന്റെ ട്രക്കിൻ്റെ ജിപിഎസ് അവസാനമായി ട്രാക്ക് ചെയ്തതെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. ട്രക്ക് പിന്നീട് പൊലീസ് കണ്ടെത്തിയെങ്കിലും ബ്രയനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഏപ്രിൽ 24-ന് വൈകിട്ട് നാലരയോടെ ബ്രയാൻ തൻ്റെ ട്രക്കിൽ നിന്ന് പെട്രോൾ പമ്പിൽ ഇറങ്ങി ട്രക്കിൻ്റെ മുൻഭാഗത്തേക്ക് നടക്കുന്നത് നിരീക്ഷണ വിഡിയോയിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു. എന്നാൽ, പിന്നീട് ബ്രയാനെ ആരും കണ്ടിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. നീല ഹൂഡിയും ജീൻസും ബോൾ ക്യാപ്പും ധരിച്ചിരുന്ന ബ്രയാനെ കണ്ടെത്താനുള്ള ശ്രമത്തിൽ നായകളും ഡ്രോണുകളും ഉൾപ്പെടെ പ്രദേശത്ത് ഒപിപി തിരച്ചിൽ നടത്തിയിരുന്നു.