ബ്രിട്ടിഷ് കൊളംബിയയിലേക്ക് യുകെയിലെ നഴ്സുമാരെയും ഡോക്ടര്‍മാരേയും സ്വാഗതം ചെയ്ത് ബ്രിട്ടനിലെ തെരുവോരങ്ങളില്‍ റിക്രൂട്ടിങ് പരസ്യം. വെയിൽസിലെ കാര്‍ഡിഫിൽ ലോവര്‍ കത്തീഡ്രല്‍ റോഡിലുള്ള ഡിജിറ്റല്‍ സൈനുകളില്‍ രണ്ട് പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രിട്ടിഷ് കൊളംബിയ സര്‍ക്കാരിന്റെ വിപുലമായ പരസ്യ പ്രചാരണത്തിന്റെ ഭാഗമാണിത്. കെയര്‍ ജീവനക്കാര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരോട് കാനഡയില്‍ ജോലിക്കായി അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് പരസ്യങ്ങള്‍. പരസ്യത്തിൽ കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
യുകെയിലെ വെയില്‍സ് എന്‍എച്ച്എസിലെ കുറഞ്ഞ വേതനവും തൊഴില്‍ അസംതൃപ്തിയും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വെയില്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലിലെ നഴ്സുമാരും ഡോക്ടര്‍മാരും വിവിധ വിഷയങ്ങളില്‍ പണിമുടക്കുകൾ നടത്തിയിരുന്നു. ഇത് മുതലെടുക്കുന്ന രീതിയിലാണ് പരസ്യങ്ങള്‍.
കാനഡയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രവിശ്യയാണ് ബ്രിട്ടിഷ് കൊളംബിയ. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതും, നിലനിര്‍ത്തുന്നതും വെയില്‍സ് എന്‍എച്ച്എസിനെ സംബന്ധിച്ച് വെല്ലുവിളി ആയിരിക്കുകയാണ് . 2023 അവസാനം റോയല്‍ കോളജ് ഓഫ് നഴ്സിങ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം 2,717 നഴ്സിങ് ഒഴിവുകള്‍ വെയില്‍സില്‍ ഉണ്ട്. തൊട്ട് മുന്‍പത്തെ വര്‍ഷം ഇത് 1,719 ആയിരുന്നു. ഒഴിവുകൾ ഇത്രയധികം ഉണ്ടായിട്ടും തൊഴിൽ അവസരങ്ങൾ നികത്തപ്പെടാത്തതിന് പിന്നിൽ കുറഞ്ഞ തൊഴിൽ വേതനമാണെന്നാണ് ആക്ഷേപം. ഇത്തരമൊരു സാഹചര്യത്തിൽ യുകെയിലെമ്പാടും കാനഡയുടെ ഇത്തരം റിക്രൂട്ടിങ് പരസ്യങ്ങൾക്ക് പിന്നാലെ നിലവിലെ ജീവനക്കാർ ആകൃഷ്ടരായി പോകാതെയിരിക്കാൻ മികച്ച ശമ്പള വർധനവ് ഉൾപ്പടെയുള്ള വാഗ്ദാനങ്ങൾ എൻഎച്ച്എസ് ട്രസ്റ്റുകൾ നൽകേണ്ടി വരും.