ഹാലിഫാക്സ് : നോവസ്കോഷയിൽ നിന്നും വിദേശത്തേയ്ക്ക് കടത്താനായി സൂക്ഷിച്ചിരുന്ന 60 കിലോഗ്രാം ഈൽ കുഞ്ഞുങ്ങളെ ഫെഡറൽ ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മൂന്നര ലക്ഷത്തോളം ഡോളർ വിലമതിക്കുന്ന ഈൽ കുഞ്ഞുങ്ങളെയാണ് ഡാർട്ട്മൗത്തിലെ സംഭരണ കേന്ദ്രത്തിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഫിഷറീസ് വകുപ്പ് അറിയിച്ചു.
എൽവേഴ്സ് (elvers) എന്ന് വിളിക്കപ്പെടുന്ന ഈൽക്കുഞ്ഞുങ്ങളെ വിദേശത്തേക്ക് കയറ്റി അയക്കുന്നതിനായി ടൊറൻ്റോയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമമെന്നും ഫിഷറീസ് വകുപ്പ് പറഞ്ഞു. ശുദ്ധജലാശയങ്ങളിലൂടെ യാത്ര തുടങ്ങുന്ന ഈൽക്കുഞ്ഞുങ്ങളാണ് എൽവേഴ്സ് (elvers) എന്ന് അറിയപ്പെടുന്നത്. കഴിഞ്ഞ മാസം, ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും വിദേശത്തേക്ക് കയറ്റി അയക്കുന്നതിനായി ഒരുക്കിയിരുന്ന അഞ്ച് ലക്ഷം ഡോളർ വിലമതിക്കുന്ന 109 കിലോഗ്രാം എൽവേഴ്സുകൾ പിടിച്ചെടുത്തിരുന്നു.