കൊച്ചി മാടവനയിലെ ബസ് അപകടത്തിന് കാരണം കല്ലട ബസിന്റെ അമിത വേഗതയെന്ന് നിഗമനം. മഴപെയ്ത് നനഞ്ഞ് കിടന്ന റോഡിൽ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കാരണം. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് ഈ കണ്ടെത്തൽ. ബസിന്റെ പിറകിൽ ഇടതുവശത്തെ രണ്ട് ടയറുകളും ഏറെക്കുറെ തേഞ്ഞ് തീർന്ന നിലയിലായിരുന്നു. ജംഗ്ഷനിലെ സിഗ്നൽ സംവിധാനത്തിൽ അപാകതയുണ്ടെന്നും സംശയമുണ്ടാതായും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.
മാടവന ജങ്ഷനിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. ട്രാഫിക് സിഗ്നൽ പോസ്റ്റിലിടിച്ച ബസ് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി ജിജോ സെബാസറ്റ്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.