ടൊറൻ്റോ : ബൊംബാർഡിയെ കമ്പനി മുന്നോട്ടുവെച്ച താൽക്കാലിക കരാർ നിരസിച്ച് എയ്റോസ്പേസ് ജീവനക്കാർ. ടൊറൻ്റോ മേഖലയിലെ യൂണിയനൈസ്ഡ് ബൊംബാർഡിയെ എയ്റോസ്പേസ് തൊഴിലാളികളിൽ ഭൂരിപക്ഷവും കരാർ നിരസിക്കാൻ വോട്ട് ചെയ്തതായി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിഫോർ സ്ഥിരീകരിച്ചു. ഇതോടെ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിലെ കമ്പനിയുടെ എയർക്രാഫ്റ്റ് അസംബ്ലി സെൻ്ററിലും വാട്ടർലൂ റീജൻ എയർപോർട്ടിലെ പ്രീ-ഫ്ലൈറ്റ് ഓപ്പറേഷൻസ് കേന്ദ്രത്തിലും സമരം തുടരും.
അതേസമയം കമ്പനിയുടെ കരാർ അംഗീകരിക്കാൻ തൊഴിലാളികൾ വിസമ്മതിച്ചതിൽ നിരാശയുണ്ടെന്ന് ബൊംബാർഡിയെ കമ്പനി വക്താവ് അറിയിച്ചു. യൂണിഫോർ യൂണിയനുമായി കരാറിലെത്താൻ ഇനി കൂടുതൽ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കരാർ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ട് ആസ്ഥാനമായുള്ള കമ്പനിയുടെ എയർക്രാഫ്റ്റ് നിർമ്മാണ കേന്ദ്രത്തിലെ 1,350 എയർക്രാഫ്റ്റ് അസംബ്ലി തൊഴിലാളികൾ ജൂൺ 23-ന് പണിമുടക്ക് ആരംഭിച്ചിരുന്നു.