ടൊറൻ്റോ : നാല് പേരെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ പ്രതി ഒൻ്റാരിയോ സ്വദേശി ഡോക്ടറെ കുറ്റവിമുക്തനാക്കി. ഒൻ്റാരിയോ ഹോക്സ്ബറിയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. ബ്രയാൻ നാഡ്ലറെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കാൻ ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടർമാർ അറിയിച്ചു.
വിചാരണയ്ക്ക് മുമ്പ് വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സാവകാശം അനുവദിക്കുന്നതിനാണ് ജഡ്ജി ഈ വഴി തിരഞ്ഞെടുത്തതെന്നും നാഡ്ലറുടെ അഭിഭാഷകർ പറയുന്നു. ബ്രയാൻ നാഡ്ലർ നിരപരാധിയാണെന്നും നാല് രോഗികൾ മരിച്ചത് കോവിഡ് ബാധിച്ചാണെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകർ പറഞ്ഞു. 2021-ൽ ഹോക്സ്ബറി ജില്ലാ ജനറൽ ഹോസ്പിറ്റലിൽ 89 വയസ്സുള്ള ആൽബർട്ട് പോയിഡിംഗറിൻ്റെ മരണമാണ് ബ്രയാൻ നാഡ്ലർക്കെതിരെയുള്ള ആദ്യകേസ്. തുടർന്ന് ക്ലെയർ ബ്രെയർ (80), ലോറെയ്ൻ ലാലാൻഡെ (79), ജൂഡിത്ത് ലുംഗുലെസ്കു (93) എന്നിവരുടെ മരണത്തിലും പൊലീസ് ബ്രയാൻ നാഡ്ലർക്കെതിരെ കൊലപാതകകുറ്റം ചുമത്തി.
പോയിഡിംഗർ 2021 മാർച്ച് 25-ന് മരിച്ചുവെന്നും മറ്റ് മൂന്ന് പേരും ആ തീയതിയിലോ അതിനടുത്ത തീയതികളിലോ മരിച്ചുവെന്നും കോടതി രേഖകൾ തെളിയിക്കുന്നു. ആദ്യം ജൂണിൽ വിചാരണ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഇത് പിന്നീട് ഒരു മാസത്തേക്ക് മാറ്റിവച്ചു.