പ്രിയദർശന്റെ 1997-ൽ പുറത്തിറങ്ങിയ വിരാസത്ത് എന്ന ചിത്രത്തിൽ നാടന്‍ ലുക്കിലുള്ള ഭാര്യ ഗെഹ്നയുടെ വേഷമാണ് നടി തബു അവതരിപ്പിച്ചത്. അനില്‍ കപൂര്‍ ആയിരുന്നു ചിത്രത്തിലെ നായകന്. ഈ ചിത്രത്തിന്റെ സെറ്റിലുണ്ടായ രസകരമായ ഒരു സംഭവം ഓർത്തെടുത്തിരിക്കുകയാണ് തബു. തന്റെ കഥാപാത്രത്തിന് നാടൻ ലുക്ക് തോന്നിക്കാൻ പ്രിയദർശൻ ഒരു കുപ്പി വെളിച്ചെണ്ണ തലയിലൊഴിച്ച സംഭവമാണ് തബു പറഞ്ഞത്.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് തന്റെ തലയിൽ പ്രിയദർശൻ എണ്ണ കുപ്പി ഒഴിച്ച സംഭവം തബു പങ്കുവെച്ചത്. ‘എന്റെ കഥാപാത്രത്തിന് തലയിൽ എണ്ണ മയമുള്ള, നാടൻ ലുക്കായിരുന്നു പ്രിയന് വേണ്ടിയിരുന്നത്. ഹെയർസ്റ്റൈലിസ്റ്റ് എന്നോട് എണ്ണമയമുള്ളതായി തോന്നാൻ അൽപ്പം ജെൽ എടുത്ത് പുരട്ടാൻ പറഞ്ഞു. ഞാനത് അനുസരിച്ചു. സെറ്റിലെത്തിയപ്പോൾ പ്രിയന് ചോദിച്ചു തലയിൽ എണ്ണ പുരട്ടാൻ പറഞ്ഞതല്ലേ എന്ന്. എണ്ണ തേച്ചിട്ടുണ്ടെന്നും തിളക്കം വരുന്നുണ്ടെന്നും ഞാൻ പറഞ്ഞു. അദ്ദേഹം അവിടെനിന്ന് പോയി ഒരു കുപ്പി നിറച്ച് വെളിച്ചെണ്ണയുമായി വന്നു. അതുമുഴുവൻ എന്റെ തലയിലേക്കൊഴിച്ചു. തലയിൽ എണ്ണമയം വേണമെന്ന് താനുദ്ദേശിച്ചത് ഇതാണെന്നും സംവിധായകൻ പറഞ്ഞു.” തബു ഓര്‍ത്തെടുക്കുന്നു.
അങ്ങനെ ചെയ്തതുകൊണ്ട് വിരാസത്തിന്റെ സെറ്റിൽ തനിക്ക് പിന്നീട് കാര്യങ്ങൾ എളുപ്പമായിരുന്നെന്നും തബു പറഞ്ഞു. ഹെയർസ്റ്റൈലിംഗ് ഒന്നും ചെയ്യേണ്ടതില്ല. അഞ്ച് മിനിറ്റിനുള്ളിൽ തയ്യാറാകുമായിരുന്നു. നീളമുള്ള മുടി, എണ്ണ പുരട്ടി പിന്നിയിടുക മാത്രമേ വേണ്ടിവന്നുള്ളൂ. ദേശീയ അവാർഡ് നേടിയ തമിഴ് ചിത്രമായ തേവർ മകന്റെ റീമേക്കാണ് വിരാസത്. അനിൽ കപൂർ, അംരീഷ് പുരി, പൂജ ബത്ര എന്നിവരും അഭിനയിച്ചിട്ടുണ്ട്. ”നീരജ് പാണ്ഡെ സംവിധാനം ചെയ്ത് അജയ് ദേവ്ഗൺ നായകനാകുന്ന റൊമാന്റിക് ത്രില്ലർ ഓറോം മേം കഹാം ദം ഥാ ആണ് തബു നായികയായെത്തുന്ന പുതിയ ചിത്രം. ജൂലൈ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.