നീറ്റ് പരീക്ഷയ്ക്കെതിരെ നടനും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യത്തോട് യോജിക്കുന്നു. സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വിജയ് പറഞ്ഞു.10,12 വിജയികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയുടെ പ്രതികരണം.
നീറ്റ് വിദ്യാര്‍ത്ഥി വിരുദ്ധ പരീക്ഷയാണെന്നും, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞുവെന്നും വിജയ് കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് ഇപ്പോള്‍ നീറ്റ് പരീക്ഷയില്‍ വിശ്വാസമില്ല. ഈ രാജ്യത്തിന് നീറ്റ് ആവശ്യമില്ല. നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുകയാണ് ഏറ്റവും നല്ല പരിഹാരമെന്നും പറഞ്ഞു.
നീറ്റ് പരീക്ഷയ്ക്കെതിരെ സംസ്ഥാന നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരത്തെ കേന്ദ്ര സര്‍ക്കാര്‍ ബഹുമാനിക്കണം. വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റില്‍ നിന്ന് മാറ്റി സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരണം. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം പരീക്ഷാ കാര്യത്തില്‍ ലഭിക്കുമെന്നും വിജയ് പറഞ്ഞു.