ഓട്ടവ : ലൈംഗീകാതിക്രമക്കേസിൽ ഉൾപ്പെട്ട നാല് മുൻ കനേഡിയൻ ലോക ജൂനിയർ ഐസ് ഹോക്കി കളിക്കാരെ പുറത്താക്കി NHL ടീമുകൾ. കുറ്റാരോപിതരായ ഫിലഡൽഫിയ ഫ്ളയേഴ്സിൻ്റെ കാർട്ടർ ഹാർട്ട്, കാൽഗറി ഫ്ലെയിംസിലെ ഡിലോൺ ഡ്യൂബ്, ന്യൂജഴ്സി ഡെവിൾസിൻ്റെ മൈക്കൽ മക്ലിയോഡ്, കാൽ ഫൂട്ട് എന്നിവരുടെ കരാറുകൾ പുതുക്കേണ്ടതില്ലെന്ന് ടീമുകൾ തീരുമാനിച്ചു. കേസിൽ സ്വിറ്റ്സർലൻഡ് നാഷണൽ ലീഗ് ടീമിനായി രണ്ടു വർഷം കളിച്ചിരുന്ന മുൻ മുൻ ഓട്ടവ സെനറ്റേഴ്സ് താരം അലക്സ് ഫോർമെൻ്റണും ഉൾപ്പെടുന്നു. അതേസമയം അഞ്ച് താരങ്ങളും കുറ്റക്കാരല്ലെന്ന് കോടതിയിൽ വാദിക്കുമെന്ന് കളിക്കാരുടെ അഭിഭാഷകർ പറഞ്ഞു. ഇവരുടെ വിചാരണ തീയതി നിശ്ചയിച്ചിട്ടില്ല.
![](http://mcnews.ca/wp-content/uploads/2024/01/Mint-Leaves-1024x540.jpg)
ലോക ജൂനിയർ ടീമിലെ അംഗങ്ങൾ സ്വർണ്ണ മെഡൽ നേടിയതിന് ശേഷം 2018 ജൂണിൽ ലണ്ടൻ ഒൻ്റാരിയോയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2019-ൽ കുറ്റം ചുമത്താതെ അന്വേഷണം ആദ്യം അവസാനിപ്പിച്ചെങ്കിലും 2022-ൽ വീണ്ടും കേസ് പുനഃരാരംഭിച്ചു. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന് ലണ്ടൻ ഒൻ്റാരിയോ പൊലീസ് മേധാവി പരാതിക്കാരിയോട് മാപ്പ് പറഞ്ഞിരുന്നു.