അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ജോ ബൈഡന് പിന്മാറിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ക്ക് വിരാമം. ജോ ബൈഡന് മത്സരത്തില്‍നിന്നു പിന്മാറില്ലെന്നും തിരഞ്ഞെടുപ്പു പ്രചാരണം തുടരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രചാരണസംഘത്തിലെ അംഗങ്ങളുമായി സംസാരിച്ച ബൈഡന് താന്‍ തുടരുമെന്ന് ഉറപ്പുനല്‍കിയെന്നാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്.
എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപുമായുള്ള അറ്റ്ലാന്റ സംവാദത്തിലെ ദയനീയ പ്രകടനത്തെത്തുടര്‍ന്നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ജോ ബൈഡന് (81) പിന്മാറണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തിറങ്ങിയത്. ബൈഡനു പകരം ആളെ കണ്ടെത്തണമെന്ന് യുഎസിലെ മുഖ്യധാര മാധ്യമങ്ങളും അഭിപ്രായപ്പെട്ടിരുന്നു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കാരണം പ്രസിഡന്റിന്റെ കടമകള്‍ നിറവേറ്റാന്‍ കഴിയുമോ എന്ന ചോദ്യമാണ് സ്വന്തം പാര്‍ട്ടിയിലും ജോ ബൈഡനു നേരിടേണ്ടി വന്നത്.
![](http://mcnews.ca/wp-content/uploads/2023/09/Renju-Koshy-1-1024x596.jpg)
ബൈഡന് പിന്മാറിയാല് പകരം സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും സാധ്യത വൈസ് പ്രസിഡന്റ് കമല ഹാരിസിനാണെന്ന സൂചനകളുമായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസം, മിഷിഗന്‍ ഗവര്‍ണര്‍ ഗ്രാചിന് വെറ്റ്മര്, പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷപിറോ എന്നിവരും സാധ്യതാപട്ടികയിലുണ്ടായിരുന്നു.