ടൊറൻ്റോ : ഒൻ്റാരിയോ ലിക്വർ കൺട്രോൾ ബോർഡും (LCBO) ആയിരക്കണക്കിന് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിലുള്ള ചർച്ച പരാജയത്തിലേക്ക്. ഇതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:01-നകം കരാറിൽ എത്തിയില്ലെങ്കിൽ പണിമുടക്കുമെന്ന് പതിനായിരത്തോളം LCBO ജീവനക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവിശ്യയിലെ മദ്യശാലകൾ നാളെ മുതൽ അടച്ചിടും.
തൊഴിലാളികൾ പണിമുടക്കിയാൽ രണ്ടാഴ്ചത്തേക്ക് മദ്യശാലകൾ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം LCBO അറിയിച്ചിരുന്നു. അതേസമയം, പണിമുടക്ക് മുന്നോട്ട് പോകുകയാണെങ്കിൽ ഓൺലൈൻ റീട്ടെയിൽ സർവീസ് തുടരുമെന്നും ഇൻ-സ്റ്റോർ ഷോപ്പിങ് പരിമിതമായി ചുരുക്കുമെന്നും എൽസിബിഒ പറയുന്നു. ബാറുകൾക്കും റെസ്റ്റോറൻ്റുകൾക്കും ലൈസൻസുള്ള ഗ്രോസറി-ബിയർ സ്റ്റോറുകൾക്കുമുള്ള സ്റ്റോക്ക് വിതരണം തുടരുമെന്നും എൽസിബിഒ അറിയിച്ചു. അതേസമയം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഒൻ്റാരിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയൻ (OPSEU) പണിമുടക്ക് ഭീഷണി ഉയർത്തുന്നത് നിരാശാജനകമാണെന്ന് പ്രവിശ്യ ധനമന്ത്രാലയം വക്താവ് പറയുന്നു.
![](http://mcnews.ca/wp-content/uploads/2023/11/Chris-Lamannil-New-1024x663.jpg)
എൽസിബിഒ സ്റ്റോറുകൾ എപ്പോൾ വീണ്ടും തുറക്കും?
ഇരുപക്ഷവും ഒരു കരാറിൽ എത്തിയില്ലെങ്കിൽ ജൂലൈ 19-ന് പ്രവിശ്യയിലുടനീളമുള്ള 30 എൽസിബിഒ സ്റ്റോറുകൾ ഇൻ-സ്റ്റോർ ഷോപ്പിംഗിനായി തുറക്കും. എന്നാൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ ഈ സ്റ്റോറുകൾ പ്രവർത്തിക്കൂ. LCBO-യുടെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും മൊബൈൽ ഓർഡറുകൾ സ്വീകരിക്കുന്നത് തുടരും. സമരം നടക്കുന്ന കാലയളവിൽ ഒൻ്റാരിയോയിൽ എവിടെയും സൗജന്യ ഹോം ഡെലിവറി ഉണ്ടായിരിക്കും.
കൂടാതെ പണിമുടക്ക് സമയത്ത് LCBO കൺവീനിയൻസ് ഔട്ട്ലെറ്റുകൾ, ലൈസൻസുള്ള ഗ്രോസറി സ്റ്റോറുകൾ, ബിയർ സ്റ്റോർ, വൈനറി, ബ്രൂവറി, സിഡറി, ഡിസ്റ്റിലറി ഔട്ട്ലെറ്റുകൾ എന്നിവയുൾപ്പെടെ പ്രവിശ്യയിലുടനീളമുള്ള 2,300 സ്വകാര്യ റീട്ടെയിൽ പോയിൻ്റുകളിൽ മദ്യവിൽപ്പന ഉണ്ടായിരിക്കും.