ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു. 15 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഗുജറാത്തിൽ അതീവ ജാഗ്രത നിർദേശം നൽകി.
രാജസ്ഥാനിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു. സബർകാന്ത ജില്ലയിൽ നിന്നുള്ള രണ്ടും ആരവല്ലിയിൽ നിന്നുള്ള മൂന്നും മഹിസാഗർ, രാജ്‌കോട്ട് ജില്ലകളിൽ നിന്നുള്ള ഒരാൾ വീതവുമാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്.
വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ശക്തമായ പനി, മസ്തിഷ്കജ്വരം എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ എന്നിവയാണ് രോഗം പരത്തുന്നത്.