കുവൈറ്റ് സിറ്റി: മേഖലയിലെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നായ കുവൈറ്റില്‍ ഈ മാസം അവസാനത്തോടെ ചൂട് വീണ്ടും കൂടുമെന്ന് കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. ജൂലൈ അവസാന വാരത്തില്‍ രാജ്യത്തെ താപനില ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ ഇസ്സ റമദാൻ പറയുന്നു.
ചൂട് കൂടിയ സാഹചര്യത്തിൽ ഹീറ്റ് സ്‌ട്രോക്കുകള്‍ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് പ്രധാനമാണെന്നും ഇസ്സ റമദാൻ മുന്നറിയിപ്പ് നൽകി. ആളുകള്‍ പകല്‍ സമയങ്ങളില്‍ പ്രത്യേകിച്ച് ചൂട് കഠിനമായ മണിക്കൂറുകളില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുന്നവര്‍ ശരീരത്തില്‍ നേരിട്ട് വെയില്‍ കൊള്ളാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. വാഹനങ്ങളുടെ ടയറുകള്‍, എഞ്ചിനുകള്‍, വീട്ടിലെ എയര്‍ കണ്ടീഷണറുകള്‍ എന്നിവ പരിശോധിച്ച് തകരാറുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനും അദ്ദേഹം നിര്‍ദേശിച്ചു.
ബുധനാഴ്ച കുവൈറ്റിലെ കൂടിയ താപനില 50 ഡിഗ്രി സെല്‍ഷ്യസായിരുന്നു. വേനല്‍ക്കാലത്ത് ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന കുവൈറ്റ്, എക്കാലത്തെയും ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തിനാണ് അടുത്തിടെ സാക്ഷ്യം വഹിച്ചത്. കനത്ത ചൂടില്‍ എയര്‍ കണ്ടീഷന്‍, റഫ്രിജറേറ്റര്‍, ഫാനുകള്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതാണ് ഇതിന് കാരണം.