മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കി. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുബൈ പൊലീസ് നിര്‍ദേശിച്ചു.
മുംബൈയിലെ കനത്ത മഴയോടൊപ്പം വേലിയേറ്റമുണ്ടായത് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാക്കി. വിമാനസർവീസുകൾ തടസ്സപ്പെട്ടു. താനെ, പുനെ എന്നിവിടങ്ങളിൽനിന്നായി 600 പേരെ മാറ്റിപ്പാർപ്പിച്ചു. പുനെയിൽ നാലുപേർ മരിച്ചു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് വിമാനങ്ങൾ പുറപ്പെടുന്നതിന് കാലതാമസമുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. സ്പൈസ് ജെറ്റ് എയർലൈൻസും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില സർവീസുകൾ റദ്ദാക്കിയതായും ചിലത് വഴിതിരിച്ചുവിട്ടതായും എയർ ഇന്ത്യ അറിയിച്ചു. ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാത്രിമുതൽ പെയ്ത മഴ പുനെയിൽ വ്യാപകമായ നാശംവിതച്ചു. താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടേറെ വീടുകളും റെസിഡൻഷ്യൽ സൊസൈറ്റികളും വെള്ളത്തിനടിയിലായി.