സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണവും കൂടുന്നു. ജൂലായിൽ ഇതുവരെ 88 പേർക്ക് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ നാലുപേർ ചികിത്സതേടി. ജൂലായ് ഒന്നുമുതൽ 24 വരെയുള്ള കണക്കാണിത്. ജൂണിൽ 36 പേർക്കും മേയിൽ 29 പേർക്കുമാണ് ചെള്ളുപനി സ്ഥിരീകരിച്ചത്.
പുല്ലുകള്‍, ചെടി എന്നിവയുമായി കൂടുതല്‍ സമ്പര്‍ക്കമുണ്ടാകുന്ന കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് രോഗംബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങളുള്ളവര്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു.
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്). എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗാണുക്കള്‍ പൊതുവെ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ നിന്നല്ല, അവയുടെ ശരീരത്തിലടക്കം കാണുന്ന ചെള്ള് വര്‍ഗത്തില്‍പ്പെട്ട ചെറു പ്രാണികളുടെ ലാര്‍വ (ചിഗ്ഗര്‍ മൈറ്റ്) കടിക്കുന്നതു വഴിയാണ് മനുഷ്യരിലേക്കു രോഗം പകരുന്നത്. വിറയലോടു കൂടിയ പനി, തലവേദന, കണ്ണില്‍ ചുമപ്പ് നിറം, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് ലക്ഷണങ്ങള്‍.