പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമ, മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് 61-ാം പിറന്നാള്‍. മലയാളികളുടെ പ്രിയ ഗായിക കേരളത്തിന്‍റെ മാത്രം സ്വന്തമായിരുന്നില്ല, ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന മികച്ച ഗായികയാണ്. നിരവധി ഭാഷകളിലായി ഇതിനോടകം തന്നെ നിരവധി ഹിറ്റ് ട്രാക്കുകളാണ് കെ.എസ് ചിത്ര സംഗീതാസ്വാദകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഗുജറാത്തി, രാജസ്ഥാനി, ഒറിയ, തുളു, അറബിക്, ഉറുദു, മലായ്, സിംഗ, സംസ്‌കൃതം എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.1979ല്‍ സംഗീത ലോകത്ത് എത്തിയ ചിത്ര പിന്നീട് മലയാള ഗാന രംഗത്തെ അതുല്യ പ്രതിഭകളില്‍ ഒരാളായി മാറി.
1985 ലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഗായികയ്ക്കുളള പുരസ്കാരം ആദ്യമായി ചിത്രയെ തേടിയെത്തിയത്. നിറക്കൂട്ടിലെ പൂമാനമേ, കാണാക്കുയിലിലെ ഒരേ സ്വരം ഒരേ നിറം, നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്നീ ഗാനങ്ങള്‍ക്കായിരുന്നു പുരസ്കാരം. 1985 മുതല്‍ 1995 വരെ തുടര്‍ച്ചയായി കേരള സര്‍ക്കാരിന്‍റെ മികച്ച ഗായിക ചിത്രയായിരുന്നു. ഇതുവരെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത നേട്ടം. 1999, 2001, 2002, 2005, 2016 വര്‍ഷങ്ങളിലും സംസ്ഥാന പുരസ്കാരം ചിത്രയെ തേടിയെത്തി.
നഖക്ഷതങ്ങളിലെ മഞ്ഞള്‍പ്രസാദവും, ഒരു വടക്കന്‍ വീരഗാഥയിലെ കളരി വിളക്ക് തെളിഞ്ഞതാണോ, സവിദത്തിലെ മൌനസരോവരം, ദേവരാഗത്തിലെ ശശികല ചാര്‍ത്തിയ, വൈശാലിയിലെ ഇന്ദുപുഷ്പം, നന്ദനത്തിലെ കാര്‍മുകില്‍ വര്‍ണന്‍റെ, നോട്ടത്തിലെ മയങ്ങിപ്പോയി തുടങ്ങി ചിത്രയ്ക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പാട്ടുകളെല്ലാം ഒറ്റവാക്കില്‍ ഓർമയിലെത്തും വിധം മലയാളികള്‍ക്ക് പരിചിതമാണ്.
1988 ലാണ് തമിഴ്നാടിന്‍റെ മികച്ച ഗായികക്കുളള പുരസ്കാരം ആദ്യമായി ചിത്രക്ക് ലഭിക്കുന്നത്. അഗ്നി നച്ചത്തിരം എന്ന ചിത്രത്തിലെ നിന്നുകൂരി വര്‍ണം എന്ന ഗാനത്തിനായിരുന്നു അത്. 1990 ല്‍ കിഴക്കുവാസലിലെ വന്തതേയ് കുങ്കുമം, 1995 ല്‍ ബോംബെയിലെ കണ്ണാളനേ, 2004 ല്‍ ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനങ്ങള്‍ക്കും തമിഴ്നാട് പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചു.
11 തവണയാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ മികച്ച ഗായികക്കുളള നന്ദി പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചത്. കര്‍ണാടക, ഒഡീഷ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളുടെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രക്ക് ലഭിച്ചിട്ടുണ്ട്. മലയാളികളുടെ വാനമ്പാടി തമിഴര്‍ക്ക് ചിന്നക്കുയിലാണ്. 1997 ല്‍ തമിഴ്നാട് സര്‍ക്കാര്‍ പരമോന്നത പുരസ്കാരമായ കലൈമാമണി നല്‍കിയാണ് ചിത്രയെ ആദരിച്ചത്. 1985 ല്‍ ഇളയരാജയാണ് ചിത്രയെ തമിഴില്‍ പരിചയപ്പെടുത്തുന്നത്. അക്കൊല്ലം ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ 11 ചിത്രങ്ങളിലാണ് ചിത്ര പാടിയത്. ഇളയരാജയെ കൂടാതെ എ ആര്‍ റഹ്‌മാന്‍, എം എസ് വിശ്വനാഥന്‍, കീരവാണി, ഗംഗൈ അമരന്‍, ഹംസലേഖ, എസ് പി വെങ്കിടേഷ്, ശങ്കര്‍-ഗണേഷ്, വിദ്യാസാഗര്‍, ചന്ദ്രബോസ്, ദേവ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്ക് വേണ്ടി ചിത്ര പാടി. തമിഴ് സിനിമകള്‍ക്ക് മാത്രമായി ചിത്ര പാടിയത് രണ്ടായിരത്തിലേറെ ഗാനങ്ങള്‍.
ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തതും ഇളയരാജയുടെ പാട്ടാണ്. സിന്ധുഭൈരവിയിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. മൂന്നു തവണ തമിഴ്, രണ്ടു തവണ മലയാളം, ഒരു തവണ ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് 6 തവണ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തിയത്. മികച്ച ചലച്ചിത്ര പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ ഗായികയും ചിത്ര തന്നെ.
ചിത്രയുടെ പാട്ടു കേൾക്കാത്ത ഒരു ദിനം പോലും മലയാളിക്കില്ല എന്നതില്‍ തർക്കമുണ്ടാകില്ല. ഇന്നും ആസ്വാദകരുടെ ഹൃദയത്തിലേക്ക് വാനമ്പാടി പാടിയൊഴുകുകയാണ്. പ്രണയവും വിരഹവും വിഷാദവും ആനന്ദവും എന്നിങ്ങനെ പല ഭാവങ്ങളിൽ അത് ഉറവ വറ്റാതെ ഒഴുകിക്കൊണ്ടിരിക്കുന്നു.