ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലേക്ക് ഇരച്ചെത്തിയ വെള്ളത്തിൽ മുങ്ങി മരിച്ച മലയാളി വിദ്യാർത്ഥി നെവിന് ഡാല്‍വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകീട്ടോടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. എറണാകുളം സ്വദേശിയാണ് നെവിൻ ഡാൽവിൻ.
രാവിലെ 10 മണിക്ക് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. നെവിനൊപ്പം അപകടത്തില്‍ മരിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഓൾഡ് രാജേന്ദ്രൻ നഗറിലെ റാവൂസ് ഐഎഎസ് അക്കാദമിയിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. അപകടത്തില്‍ എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ, തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തിൽ മുങ്ങുകയായിരുന്നു. വെള്ളം കയറുമ്പോൾ 40 വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. വിദ്യാർത്ഥികളാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്.