ഓട്ടവ : വാരാന്ത്യത്തിൽ കാനഡയിലുടനീളം കനത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് ക്ലൈമറ്റ് ചേഞ്ച് കാനഡ. ബ്രിട്ടിഷ് കൊളംബിയ ഇൻ്റീരിയർ, തെക്കൻ സസ്കാച്വാൻ, ആൽബർട്ട, വടക്ക്-കിഴക്കൻ ഒൻ്റാരിയോ, ഗ്രേറ്റർ ടൊറൻ്റോ, വിൻസർ മേഖല, തെക്കൻ കെബെക്ക്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഉൾപ്പെടെ പടിഞ്ഞാറ് നിന്ന് കിഴക്ക് വരെയുള്ള കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ കടുത്ത ചൂട് പ്രതീക്ഷിക്കണമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
ഓരോ പ്രദേശത്തെയും താപനില വ്യത്യാസപ്പെടാമെങ്കിലും രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ചൂട് 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയിരിക്കും. ചില പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം ഈർപ്പവും കൂടിച്ചേരുമ്പോൾ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ അനുഭവപ്പെടും. അതിശക്തമായ ചൂടിനൊപ്പം കാട്ടുതീ പുക പടരുന്നത് തുടരുന്നതിനാൽ പടിഞ്ഞാറൻ കാനഡയിൽ അടക്കം വായു ഗുണനിലവാരം കുറയുമെന്ന് മുന്നറിയിപ്പുണ്ട്. നോർത്ത് വെസ്റ്റ് ടെറിറ്ററീസിന്‍റെ തലസ്ഥാനമായ യെല്ലോ നൈഫ്, ആൽബർട്ടയിലും മുന്നറിയിപ്പ് ബാധകമാണ്. വടക്കുപടിഞ്ഞാറൻ ആൽബർട്ടയിലും ജാസ്‌പറിനും എഡ്മിന്‍റനും ഇടയിലും അതുപോലെ തെക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയയിലും മുന്നറിയിപ്പ് നിലവിലുണ്ട്.
ചൂടും ഈർപ്പവുമുള്ള ഉള്ള അവസ്ഥ ഹീറ്റ് സ്ട്രോക്ക് പോലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് ഫെഡറൽ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. കഠിനമായ ചൂട് എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കുമെങ്കിലും, മുതിർന്നവർക്കും ശിശുക്കൾക്കും ചെറിയ കുട്ടികൾക്കും ഗർഭിണികൾക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും അപകടസാധ്യത കൂടുതലാണെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. കടുത്ത താപനില അനുഭവപ്പെടുന്ന സമയങ്ങളിൽ ഒരിക്കലും കുട്ടികളെയും വളർത്തുമൃഗങ്ങളെയും പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനുള്ളിൽ ഉപേക്ഷിക്കരുത്, ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.