ലൊസാഞ്ചലസ് : ലൊസാഞ്ചലസ് നഗരത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നഗരത്തിൽ അനുഭവപ്പെട്ടത്. മാലിബുവിന് 7 കിലോമീറ്റർ വടക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉപരിതലത്തിൽ നിന്നും 11 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള മാലിബു കാന്യോൺ റോഡിലേക്ക് വലിയ പാറകൾ വീണതായി റിപ്പോർട്ടുണ്ട്.
72 കിലോമീറ്റർ അകലെയുള്ള ഓറഞ്ച് കൗണ്ടിയിൽ വരെ ഭൂചലനം അനുഭവപ്പെട്ടതെന്ന് ഏജൻസി അറിയിച്ചു. ഭൂചലനം ഏകദേശം 15 അല്ലെങ്കിൽ 20 സെക്കൻഡ് നീണ്ടു നിന്നതായി ലൊസാഞ്ചലസ് കൗണ്ടി ഷെരീഫ് റിപ്പോർട്ട് ചെയ്തു. ലൊസാഞ്ചലസിന് സമീപം കത്തിപ്പടർന്ന കാട്ടുതീയിൽ നിരവധി വീടുകൾ കത്തി നശിക്കുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.