ഓട്ടവ : അപൂർവവും മാരകവുമായ ഈസ്റ്റേൺ ഇക്വീൻ എൻസെഫലൈറ്റിസ് വൈറസ് (EEEV) ബാധിച്ച് ഓട്ടവ നിവാസി മരിച്ചു. നഗരത്തിൽ കൊതുക് പരത്തുന്ന ഇഇഇവി സ്ഥിരീകരിച്ച ആദ്യത്തെ ആളാണെന്നും ഓട്ടവ പബ്ലിക് ഹെൽത്ത് (OPH) അറിയിച്ചു. ഓഗസ്റ്റിൽ വൈറൽ എൻസെഫലൈറ്റിസ് ബാധിച്ച് മരിച്ച ഓട്ടവ നിവാസി ഈസ്റ്റേൺ എക്വിൻ എൻസെഫലൈറ്റിസ് വൈറസ് അണുബാധിതനാണെന്ന് കണ്ടെത്തിയതായി ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തു.
കൊതുക് പരത്തുന്ന EEEV, വെസ്റ്റ് നൈൽ വൈറസ് എന്നിവ ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് കൊതുകുകടിയിൽ നിന്ന് രക്ഷപെടാൻ ആവശ്യമായ സുരക്ഷമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ഓട്ടവ പബ്ലിക് ഹെൽത്ത് നിർദ്ദേശിച്ചു. രോഗം ബാധിച്ച കൊതുകിൻ്റെ കടിയിലൂടെയാണ് ഇഇഇ വൈറസ് പകരുന്നത്. മനുഷ്യർക്കും കുതിരകൾ, ലാമകൾ തുടങ്ങിയ ചില സസ്തനികൾക്കും രോഗം പിടിപെടുമെങ്കിലും അവ പകരില്ല. ഈസ്റ്റേൺ ഇക്വീൻ എൻസെഫലൈറ്റിസ് വൈറസിനെതിരെ വാക്സിനുകളോ ചികിത്സകളോ ഇല്ല.