ലോകത്തിലെ ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഹുവായ്. ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് ഡിസൈൻ ആണ് ചൈനീസ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്ഫോൺ കണ്ട് അമ്പരന്നിരിക്കുകയാണ് ടെക് ലോകം. സെപ്റ്റംബർ 20 മുതലാണ് ചൈനയിൽ ഹുവായ്‌യുടെ മൂന്നായി മടക്കാൻ കഴിയുന്ന എക്‌സ്ടി അൾട്ടിമേറ്റ് ഡിസൈൻ വിപണിയിലെത്തുക. മൂന്നായി മടക്കാം എന്നതിലുപരി ഇതിന്റെ ഫീച്ചറുകളും ആകർഷിക്കുന്നതാണ്. 10.2 ഇഞ്ച് വലിയ സ്‌ക്രീൻ ആണ് ഫോണിൽ വരുന്നത്. 5,600mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്.

50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 12 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ ഔട്ടർ ക്യാമറ സജ്ജീകരണവും ഫോണിലുണ്ട്. 16 ജിബി റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള മോഡലിന് 19,999 യുവാൻ, ഏകദേശം 2,35,900 രൂപയാണ് വില വരുന്നത്. ഫ്ലെക്സിബിൾ LTPO OLED സ്‌ക്രീൻ ആണ് ഫോണിൽ വരുന്നത്. അമേരിക്കൻ കമ്പനിയായ ആപ്പിളിന്റെ ഏറ്റവും വലിയ ഐഫോൺ വിപണികളിൽ ഒന്ന് ചൈനയാണ്. ഐഫോൺ 16 സിരീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ചൈനീസ് കമ്പനി ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുന്നത്.