ഓട്ടവ : ഓഗസ്റ്റിൽ കാനഡയിലെ ഏറ്റവും വലുതും വിലയേറിയതുമായ വിപണികളിൽ വാടകനിരക്ക് കുറഞ്ഞപ്പോൾ ചെറിയ വിപണികളിൽ വില ഉയർന്നതായി റിപ്പോർട്ട്. തുടർച്ചയായ ഒമ്പതാം മാസവും ഏറ്റവും കൂടുതൽ വാടക ഈടാക്കുന്ന നഗരങ്ങളിലൊന്നായ ബ്രിട്ടിഷ് കൊളംബിയ വൻകൂവറിൽ വാടക നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനം കുറഞ്ഞ് 3,116 ഡോളറായി. ടൊറൻ്റോയിൽ വാടക ഏഴ് ശതമാനം ഇടിഞ്ഞ് 2,697 ഡോളറിലും എത്തിയതായി Rentals.ca, Urbanation എന്നിവയിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓട്ടവയിലും മൺട്രിയോളിലും 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായി കാൽഗറിയിലും വാടകയിൽ നേരിയ കുറവുണ്ടായി.
ഇതിനു വിപരീതമായി, കെബെക്ക് സിറ്റിയിൽ 1,705 ഡോളറിലേക്കും (22%) റെജൈനയിൽ 1,418 ഡോളറിലേക്കും (18%), കെബെക്കിലെ ഗാറ്റിനോവിൽ 2,054 ഡോളറിലേക്കും (15%) വാടക നിരക്ക് ഉയർന്നു. ഈ നഗരങ്ങൾ ഉൾപ്പെടെ, മറ്റ് പല നഗരങ്ങളിലും ഇരട്ട അക്ക വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ, ഈ വർധന ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വാർഷിക വർധനയാണെന്നും Rentals.ca, Urbanation പറയുന്നു. ഇത് ജൂണിലെ ഏഴ് ശതമാനവും മെയ് മാസത്തിലെ 9.3 ശതമാനവും വളർച്ചയിൽ നിന്ന് കുത്തനെ കുറഞ്ഞു.
രാജ്യാന്തര വിദ്യാർത്ഥി പ്രവേശനത്തിന് പരിധിയും താൽകാലിക താമസക്കാരുടെ എണ്ണം മൊത്തത്തിൽ കുറയ്ക്കുക എന്ന ലക്ഷ്യവും ഉൾപ്പെടെ, വാടക വർധന കുറയ്ക്കുന്നതിന് ചില നടപടികൾ ഫെഡറൽ ഗവൺമെൻ്റ് ആവിഷ്കരിക്കുന്നുണ്ട്. ഒപ്പം കൂടുതൽ വാടക വീടുകൾ നിർമ്മിക്കുന്നതിന് കൂടുതൽ ഫണ്ട് അനുവദിക്കുകയും ചെയ്യുന്നുണ്ട്.