ടൊറൻ്റോ : എല്ലാ സബ്‌വേ സ്റ്റേഷനുകളിലും ടണലുകളിലും 5G സർവീസ് ഒരുക്കുന്നതിനാൽ ടികണക്ട് വൈഫൈ സർവീസ് അവസാനിപ്പിക്കുമെന്ന് ടിടിസി. പത്തു വർഷത്തിന് മുമ്പ് ആരംഭിച്ച TConnect സംവിധാനത്തിന്‍റെ കാലപ്പഴക്കം, സാങ്കേതികവിദ്യ സംബന്ധിച്ച ആശങ്ക, ഉപയോക്താക്കളുടെ സുരക്ഷ തുടങ്ങിയ കാരണങ്ങളാണ് സൗജന്യ പബ്ലിക് വൈഫൈ നിർത്തലാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ട്രാൻസിറ്റ് ഏജൻസി പറയുന്നു.

5G സർവീസ് അവതരിപ്പിച്ചതിനുശേഷം ടികണക്‌റ്റിൻ്റെ ഉപയോഗത്തിൽ 65% ഇടിവുണ്ടായതായി ടിടിസി വക്താവ് സ്റ്റുവർട്ട് ഗ്രീൻ പറഞ്ഞു. കൂടാതെ പ്രകടനവും സുരക്ഷാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനാവശ്യമായ ഭീമമായ തുകയും ടികണക്ട് വൈഫൈ അവസാനിപ്പിക്കുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഫ്രാസ്ട്രക്ചർ നവീകരണത്തിന് ഒരു കോടി എഴുപത് ലക്ഷം ഡോളർ ആവശ്യമായി വരുന്നുണ്ടെന്നും സ്റ്റുവർട്ട് ഗ്രീൻ പറഞ്ഞു.

അതേസമയം ഒട്ടുമിക്ക TTC ഉപയോക്താക്കളും താഴ്ന്ന വരുമാനക്കാരും ഷിഫ്റ്റ് ജോലിക്കാരും സ്ത്രീകളുമാണെന്നതിനാൽ TTC യുടെ തീരുമാനം നിരാശാജനകമെന്ന് TTCriders അഡ്വക്കസി ഗ്രൂപ്പിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷെലാഗ് പിസെ-അലെൻ പറയുന്നു. കുറഞ്ഞ വരുമാനമുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് സൗജന്യ പബ്ലിക് വൈഫൈ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു. സെൽഫോൺ നിരക്കുകൾ താങ്ങാൻ കഴിയാത്ത യാത്രക്കാർ ദൈർഘ്യമേറിയ ടിടിസി യാത്രകളിൽ ആശയവിനിമയം നടത്താൻ പൊതു വൈഫൈയെ ആണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ ഈ പൊതു സേവനം ഏറ്റവും ആവശ്യമുള്ള ആളുകൾക്ക് ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും ഷെലാഗ് പിസെ-അലെൻ അഭ്യർത്ഥിച്ചു.