ഷെയിൻ നിഗം നായകനായിയെത്തുന്ന ‘ഹാൽ’ എന്ന സിനിമയുടെ ലൊക്കേഷനിൽ സിനിമാ പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം. ബൈക്ക് വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പ്രൊഡക്ഷൻ മാനേജർ അടക്കമുള്ളവർക്കാണ് നാട്ടുകാരുടെ മർദ്ദനമേറ്റത്. കോഴിക്കോട് ഇഖ്റ ആശുപത്രിക്ക് സമീപത്തെ ലൊക്കേഷനിൽ വച്ചായിരുന്നു മർദ്ദനം. അഞ്ച് പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. നവാഗതനായ വീര ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു മ്യൂസിക്കൽ പ്രണയചിത്രമായി ഒരുങ്ങുന്ന ‘ഹാലി’ൻ്റെ തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ ആണ്. ‘ഓർഡിനറി’, ‘മധുര നാരങ്ങ’, ‘തോപ്പിൽ ജോപ്പൻ’, ‘ശിക്കാരി ശംഭു’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് ‘ഹാൽ’. പുതുമുഖം സാക്ഷി വൈദ്യ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
‘ആദത്’, ‘വോ ലംഹേ’, ‘പെഹലീ നസര്‍ മേം’, ‘തേരാ ഹോനേ ലഗാ ഹൂം’ തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ ആതിഫ് അസ്ലം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ഹാൽ’. ഏഴ് വർഷത്തിനു ശേഷമാണ് പാക്കിസ്ഥാനി ഗായകനായ ആതിഫ് ഒരു ഇന്ത്യന്‍ സിനിമയ്ക്കുവേണ്ടി പിന്നണി പാടുന്നത്.
പാകിസ്താനി കലാകാർക്ക് സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിന്‍വലിക്കപ്പെട്ടത്. നവാഗതനായ നന്ദഗോപന് വി ആണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനരചന മൃദുല്‍ മീറും നീരജ് കുമാറും ചേർന്നാണ്. ജെവിജെ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിർമിക്കുന്നത്.