ഓട്ടവ : കാനഡയിലുടനീളം ദ്വിഭാഷാ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ഒരുങ്ങുന്നു. ഡെസ്റ്റിനേഷൻ കാനഡയും ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയും (IRCC) സംയുക്തമായാണ് തൊഴിലന്വേഷകർക്കായി വെർച്വൽ തൊഴിൽ മേള നടത്തുന്നത്. നവംബർ 13, 14, 15 തീയതികളിൽ കെബെക്ക് ഒഴികെ കാനഡയിലെ മറ്റു പ്രവിശ്യകളിൽ ടൂറിസം, ഹോസ്പിറ്റാലിറ്റി, പാചക ജോലികൾ എന്നിവയ്ക്കായി നടത്തുന്ന ഈ വെർച്വൽ തൊഴിൽ മേളയിലേക്കുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 23-ന് ആരംഭിച്ച് ഒക്ടോബർ 27-ന് അവസാനിക്കും.
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന തൊഴിലന്വേഷകർക്ക് കനേഡിയൻ തൊഴിൽദാതാക്കളുമായി ഓൺലൈനിൽ കണക്റ്റുചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. സെൻട്രൽ യൂറോപ്യൻ സമയം (CET) ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി എട്ടിനും ഇടയിലാണ് തൊഴിൽമേള നടക്കുന്നത്. ഇൻവിറ്റേഷൻ ലഭിക്കുന്നവർക്ക് മാത്രമായിരിക്കും തൊഴിൽ മേളയിൽ പങ്കെടുക്കാൻ സാധിക്കുക. നവംബർ 4 മുതൽ രജിസ്റ്റർ ചെയ്തവർക്ക് ഇൻവിറ്റേഷൻ നൽകുമെന്ന് മേളയിൽ സൗജന്യമായി പങ്കെടുക്കാൻ സാധിക്കുമെന്നും ഡെസ്റ്റിനേഷൻ കാനഡ പറയുന്നു. തൊഴിലന്വേഷകർ ആദ്യം രജിസ്റ്റർ ചെയ്യുകയും കനേഡിയൻ ഫോർമാറ്റിൽ ഒരു ദ്വിഭാഷാ CV (ഫ്രഞ്ച്, ഇംഗ്ലീഷ്) അപ്ലോഡ് ചെയ്യുകയും വേണം.
ഉദ്യോഗാർത്ഥികൾ ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. കൂടാതെ ടൂറിസം, ഹോസ്പിറ്റാലിറ്റി, പാചക തൊഴിലുകൾ എന്നിവയിൽ അനുഭവപരിചയവും ഓരോ ഉദ്യോഗാർത്ഥികൾക്കും ഉണ്ടായിരിക്കണം. മേളയിൽ പങ്കെടുക്കുന്ന തൊഴിൽദാതാക്കളുടെ പട്ടിക രജിസ്റ്റർ ചെയ്തവർക്ക് ഇവൻ്റിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അയയ്ക്കും.
രജിസ്ട്രേഷൻ ലിങ്ക് : https://destinationcanadatourisme2024.vfairs.com/#candidate