കാൽഗറി : അറ്റകുറ്റപ്പണി നടത്തിയ നഗരത്തിലെ പ്രധാന ജലവിതരണപൈപ്പിൽ വെള്ളം നിറയ്ക്കൽ ഉടൻ ആരംഭിക്കുമെന്ന് കാൽഗറി സിറ്റി മേയർ ജ്യോതി ഗോണ്ടെക്. വാരാന്ത്യത്തിൽ പെയ്ത കനത്ത മഴ അറ്റകുറ്റപ്പണികൾ വൈകുന്നതിന് കാരണമായതായി മേയർ പറയുന്നു. ജലവിതരണ പൈപ്പ് നിറഞ്ഞു കഴിഞ്ഞാൽ അത് ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ജീവനക്കാർ വെള്ളം പരിശോധിക്കും.
ജലവിതരണ പൈപ്പിൽ വെള്ളം നിറയ്ക്കുന്നതിന് മുമ്പ് പൈപ്പിന് മുകളിൽ ഇടുന്ന കോൺക്രീറ്റ് ഉറയ്ക്കുന്നതിന് കുറച്ച് സമയം കൂടി ആവശ്യമാണെന്ന് മേയർ അറിയിച്ചു. ഇതിന് മൂന്ന് ദിവസമെടുക്കുമെന്നാണ് കരുതുന്നത്. ബിയർസ്പോ ട്രീറ്റ്മെൻ്റ് പ്ലാൻ്റിലെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നത് വരെ കാൽഗറിനിവാസികൾ ജലനിയന്ത്രണം പാലിക്കണമെന്നും മേയർ ജ്യോതി ഗോണ്ടെക് നിർദ്ദേശിച്ചു. ഞായറാഴ്ചയെ അപേക്ഷിച്ച് 70 ലക്ഷം ലിറ്റർ വെള്ളം ജനങ്ങൾ ഉപയോഗിച്ചതായി അവർ വെളിപ്പെടുത്തി. തിങ്കളാഴ്ച 49 കോടി 20 ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചു.