ഓട്ടവ : ട്രഷറി ബോർഡ് പ്രസിഡൻ്റ് അനിത ആനന്ദിന് ഗതാഗത മന്ത്രിയുടെ അധിക ചുമതലകൾ കൂടി നൽകി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വ്യാഴാഴ്ച ഉച്ചയ്ക്ക് റൈഡോ ഹാളിൽ നടന്ന ചെറിയ ചടങ്ങിൽ അനിത ആനന്ദ് സത്യപ്രതിജ്ഞ ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെൻ്റ് മന്ത്രി ജോയ-യെവ് ഡുക്ലോ സർക്കാരിൻ്റെ പുതിയ കെബെക്ക് ലെഫ്റ്റനൻ്റാകുമെന്ന് പ്രതീക്ഷിക്കുന്നു.
കെബെക്ക് ലിബറൽ പാർട്ടിയുടെ (ക്യുഎൽപി) നേതൃത്വത്തിലേക്ക് മത്സരിക്കുന്നതിനായി മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്ന് ഫെഡറൽ ഗതാഗത മന്ത്രി പാബ്ലോ റോഡ്രിഗസ് വ്യാഴാഴ്ച പ്രഖ്യാപിച്ചതിനെ തുടർന്നാണ് പുതിയ നീക്കവുമായി ട്രൂഡോ രംഗത്ത് എത്തിയത്. ജനുവരിയിൽ കെബെക്ക് ലിബറൽ നേതൃത്വ പ്രചാരണം ഔദ്യോഗികമായി ആരംഭിക്കുന്നത് വരെ താൻ എംപിയായി തുടരുമെന്ന് പാബ്ലോ റോഡ്രിഗസ് വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറൽ തിരഞ്ഞെടുപ്പ് ഉടനടി വേണ്ടെന്നും അവിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.