ഓട്ടവ : വർണ്ണാഭമായി കനേഡിയൻ പാർലമെൻ്റിലെ മൂന്നാമത് ഓണാഘോഷം. സെപ്റ്റംബർ 18 ബുധനാഴ്ച ഓട്ടവയിലെ സർ ജോൺ എ മക്ഡോണൾഡ് ഹാളിൽ വച്ചാണ് പരിപാടി നടന്നത്. തുടർച്ചയായ മൂന്നാം തവണയാണ് കനേഡിയൻ പാർലമെൻറിൽ ഓണം ആഘോഷിക്കുന്നത്. ഓണാഘോഷത്തിൽ മലയാളി കുടുബ വേരുള്ള യൂക്കോൺ പ്രീമിയർ രഞ്ജ് പിള്ള മുഖ്യാതിഥി ആയിരുന്നു. ഫെഡറൽ മിനിസ്റ്റർ കമൽ ഖേര, കൺസർവ്വേറ്റീവ് പാർട്ടി ഡപ്യൂട്ടി ലീഡർ റ്റിം ഉപാൽ, പാർലമെൻ്റ് അംഗങ്ങളായ ജസ്രാജ് ഡിലോൺ, ഡാൻ മ്യൂസ്, ഷൂവ് മജുംന്താർ, ലാറി ബ്രോക്ക്, ആനാ റോബേർട്ട്സ്, ആര്യ ചന്ദ്ര, ഗാർനറ്റ് ജെനുയിസ്, ടോണി ബാൾഡിനെലി, ഫൊക്കാനാ ചെയർമാൻ സജിമോൻ ആൻ്റണി തുടങ്ങി നിരവധി പ്രമുഖർ ഓണാഘോഷത്തിൽ പങ്കെടുത്തു.
കാനഡയിൽ അതിവേഗം വളരുന്ന കമ്മ്യൂണിറ്റികളിലൊന്നായ മലയാളികളുടെ പാരമ്പര്യവും തനിമയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഉതകുന്ന രീതിയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കാനഡയിലെ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ എന്നിവരുൾപ്പടെയുള്ള പാർലമെൻ്റ് അംഗങ്ങൾ പങ്കെടുത്തു. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പടെ എഴുനൂറോളം ആളുകളാണ് ആഘോഷത്തിൽ പങ്കെടുത്തത്. ട്രിനിറ്റി ഗ്രൂപ്പ് ആയിരുന്നു ഓണാഘോഷത്തിന്‍റെ ഗ്രാൻ്റ് സ്പോൺസർ.
പാർലമെൻ്റ് അംഗം മൈക്കിൾ ബാരറ്റ് ആയിരുന്നു ഓണാഘോഷം ഹോസ്റ്റ് ചെയ്തത്. ബിജു ജോർജ് ചെയർമാനും, റാം മതിലകത്ത് കൺവീനറും, രേഖാ സുധീഷ് ഇവൻ്റ് കോഡിനേറ്ററും, സതീഷ് ഗോപാലൻ, ടോമി കോക്കാടൻ എന്നിവർ കോ-ചെയറും, സുധീഷ് പണിക്കർ ഹോസ്പിറ്റാലിറ്റി ഓപ്പറേഷൻസ് കോഡിനേറ്ററും, പ്രവീൺ വർക്കി കമ്മ്യൂണിറ്റി ഔട്ട്റീച്ച് കോർഡിനേറ്ററും ആയ സംഘാടക സമിതി ആണ് ഓണാഘോഷത്തിന് നേതൃത്വം നൽകിയത്.