ഓട്ടവ : രാജ്യതലസ്ഥാനത്തെ ആഡംബര ഭവന വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13% വർധിച്ചതായി റോയൽ ലെപേജ് ലക്ഷ്വറി മാർക്കറ്റ് റിപ്പോർട്ട്. കൂടാതെ ആഡംബര ഭവനങ്ങളുടെ വില ഈ വർഷത്തെ ആദ്യ എട്ട് മാസങ്ങളിൽ രണ്ട് ശതമാനവും വർധിച്ചു. ഓട്ടവയിലെ ഒരു ആഡംബര ഭവനത്തിൻ്റെ ശരാശരി വിൽപ്പന വില ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇരുപത്തിനാല് ലക്ഷത്തി നാല്പത്തിരണ്ടായിരം ഡോളറായി.
കഴിഞ്ഞ വർഷം രാജ്യതലസ്ഥാനത്തെ ആഡംബര വിപണി മന്ദഗതിയിലായിരുന്നു, റോയൽ ലെപേജ് ടീം റിയൽറ്റിയുടെ സെയിൽസ് പ്രതിനിധി ചാൾസ് സെസ്ലിക് പ്രസ്താവനയിൽ പറഞ്ഞു. വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ വിറ്റ ആഡംബര ഭവനത്തിൻ്റെ ശരാശരി വിലയിൽ വർദ്ധനവ് കണ്ട നാല് കനേഡിയൻ നഗരങ്ങളിൽ ഒന്നാണ് ഓട്ടവ. നോവസ്കോഷ തലസ്ഥാനമായ ഹാലിഫാക്സിൽ ആഡംബര ഭവനത്തിൻ്റെ വിലയിൽ 8.6% വർധനയുണ്ടായപ്പോൾ വിനിപെഗിൽ .9 ശതമാനവും ടൊറൻ്റോയിൽ 3.9 ശതമാനവും വർധന രേഖപ്പെടുത്തി.