വിനിപെഗ് : മധ്യ, വടക്കൻ മാനിറ്റോബയിലെ നിരവധി പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി). പാസ്, നോർവേ ഹൗസ്, ഗ്രാൻഡ് റാപ്പിഡ്സ്, ഈസ്റ്റർവിൽ, ഐലൻഡ് ലേക്ക്, പോപ്ലർ റിവർ എന്നിവയുൾപ്പെടെ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.
പ്രദേശത്ത് ശക്തമായ കാറ്റ്, ആലിപ്പഴം വീഴ്ച്ച, കനത്ത മഴ എന്നിവ സൃഷ്ടിക്കാൻ ശേഷിയുള്ള ശക്തമായ ഇടിമിന്നൽ രൂപം കൊല്ലുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. വലിയ ആലിപ്പഴം വീഴ്ച്ച പൊതുജനങ്ങൾക്ക് പരുക്കേൽക്കുന്നതിനും വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാകുന്നതിനും കാരണമാകുമെന്ന് ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഇതോടൊപ്പം വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലെ കെനോറ, ഫോർട്ട് ഫ്രാൻസിസ്, ഡ്രൈഡൻ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് ഉണ്ടാകുമ്പോൾ ജനങ്ങൾ മൊബൈൽ ഹോമുകൾ, വാഹനങ്ങൾ, ടെൻ്റുകൾ, ട്രെയിലറുകൾ, ഷെൽട്ടറുകൾ എന്നിവ ഉപേക്ഷിച്ച് ശക്തമായ ഒരു കെട്ടിടത്തിലേക്ക് മാറണം, ഏജൻസി നിർദ്ദേശിച്ചു.