ആറ് മാസത്തിനിടെ ഷാർജയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട 385 കേസുകൾ ഒത്തുതീർപ്പാക്കാൻ കഴിഞ്ഞതായി ഷാർജ പൊലീസ്. കോടതികളിലേക്ക് റഫർ ചെയ്യാതെയാണ് കേസുകൾ രമ്യമായി പരിഹരിച്ചത്. സാമ്പത്തിക കേസുകളിൽ ഉൾപ്പെട്ട ഇടപാടുകാർക്ക് ഇതുവഴി രണ്ട് കോടിയിലധികം ദിർഹം ലാഭിക്കാനായതായി കോംബ്രിഹെൻസിവ് പൊലീസ് സ്റ്റേഷനുകളുടെ ഡയറക്ടർ ബ്രിഗേഡിയർ യൂസുഫ് ഉബൈദ് ബിൻ ഹർമൂൽ പറഞ്ഞു.
‘അനുരഞ്ജനമാണ് ഏറ്റവും നല്ല മാർഗം’ എന്ന പേരിൽ അവതരിപ്പിച്ച സംരംഭത്തിലൂടെ തർക്കങ്ങൾ നിലനിൽക്കുന്ന പാർട്ടികൾ തമ്മിൽ സാമൂഹികമായ ബന്ധങ്ങൾ നിലനിർത്തുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് ഷാർജ പൊലീസ് ശ്രമിക്കുന്നത്.
സൗഹാർദപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിലൂടെ കേസുകളിൽ ഉൾപ്പെട്ടവർ തമ്മിൽ നല്ല ബന്ധങ്ങൾ നിലനിർത്താൻ കഴിയുമെന്നും കമ്യൂണിറ്റി അംഗങ്ങളുടെ പ്രയോജനത്തിനായി ഷാർജ പൊലീസ് വിവിധ സംരംഭങ്ങളിൽ പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ഈ സംരംഭം 14 വർഷം പിന്നിടുകയാണ്.