എഡ്മിന്റൻ : സെൻട്രൽ ആൽബർട്ട ഡേകെയറിൽ റിപ്പോർട്ട് ചെയ്ത ഇ.കോളി അണുബാധ നിയന്ത്രണത്തിലായതായി ആൽബർട്ട ഹെൽത്ത് സർവീസസ്. ഓഗസ്റ്റ് അവസാനത്തോടെ സെൻട്രൽ ആൽബർട്ട നഗരമായ ബ്ലാക്ക്ഫാൾഡിലെ ആസ്പൻ ലേക്സ് ഡിസ്കവറി സെൻ്റർ ഡേകെയറിലെ നിരവധി കുട്ടികളും ജീവനക്കാരുമാണ് രോഗബാധിതരായത്. തുടർന്ന് ഡേ കെയർ അടച്ചു പൂട്ടിയിരുന്നു. ഒരു വർഷം മുമ്പ്, കാൽഗറിയിലെ നിരവധി ഡേകെയറുകളിലായി നൂറിലധികം പേർക്ക് ഇ.കോളി അണുബാധ റിപ്പോർട്ട് ചെയ്തിരുന്നു.
ചിലരിൽ ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്ക് കാരണമാകുന്ന ഷിഗ ടോക്സിൻ ഉൽപ്പാദിപ്പിക്കുന്ന ഇ.കോളി അണുബാധയാണ് ഡേ കെയറിൽ റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ ഏഴിന് ശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സെപ്റ്റംബർ 10-ന് ഡേകെയർ വീണ്ടും തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ആരോഗ്യ ഏജൻസി അറിയിച്ചു.