ടൊറന്റോ: ഗാസയിലെ പോളിയോ നിർമ്മാർജ്ജനത്തിനായി കാനഡ 151 മില്യൺ ഡോളർ പ്രഖ്യാപിച്ചു. ടൊറന്റോയിൽ നടന്ന റോട്ടറി ഇന്റർനാഷണൽ കോൺഫറൻസിൽ വെച്ച് ഇന്റർനാഷണൽ ഡെവലപ്മെൻ്റ് മന്ത്രി അഹമ്മദ് ഹുസൻ ആണ് ഇക്കാര്യം അറിയിച്ചത്. ഗാസ മുനമ്പിൽ 25 വർഷത്തിനിടെ ആദ്യത്തെ പോളിയോ കേസുകൾ പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ഗാസയിലെ അര ദശലക്ഷത്തിലധികം കുട്ടികളുൾപ്പെടെ ലോകമെമ്പാടുമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന ഗ്ലോബൽ പോളിയോ നിർമാർജന സംരംഭത്തെ പിന്തുണക്കുന്നതാണിത്. ലോകം പോളിയോ നിർമ്മാർജ്ജനത്തിൻ്റെ വക്കിലാണ്, 1988 മുതൽ പോളിയോ കേസുകളിൽ 99 ശതമാനം കുറവുണ്ടായി, ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ 24 വർഷത്തിനിടയിൽ, വിവിധ കനേഡിയൻ ഗവൺമെൻ്റുകൾ 100 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്.