ഓണം റിലീസായി പുറത്തിറങ്ങിയ ആസിഫ് അലി ചിത്രമായ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ആദ്യ ദിനം മുതൽ മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്. ഈ വർഷത്തെ മികച്ച ചിത്രമാണ് കിഷ്കിന്ധാ കാണ്ഡമെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. പതിയെ തുടങ്ങിയ സിനിമക്ക് ഇപ്പോൾ റെക്കോർഡ് കളക്ഷനാണ് ലഭിക്കുന്നത്. 30 കോടി ആഗോള കളക്ഷനാണ് ചിത്രം ഇതുവരെ നേടിയത്. ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമായി ‘കിഷ്കിന്ധാ കാണ്ഡം’ മാറുമെന്നും റിപ്പോർട്ടുകളുണ്ട്.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഫ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ രണ്ട് ദിവസമെടുത്തു നോക്കിയാൽ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമാണ് ‘കിഷ്കിന്ധാ കാണ്ഡം’. റിലീസ് ചെയ്ത് ഒൻപതാം ദിനമായ ഇന്നലെ 128.48K ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. റിലീസായി രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. രണ്ടാമത്തെ ആഴ്ച അവസാനിക്കുമ്പോൾ ചിത്രം 42 കോടിക്കും മുകളിൽ ഗ്രോസ് കളക്ഷൻ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. ആസിഫിൻ്റെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായ ‘തലവ’നെ ഇതിനോടകം ‘കിഷ്കിന്ധാ കാണ്ഡം’ മറികടന്നു.
അനൂപ് മേനോൻ, സത്യൻ അന്തിക്കാട്, ‘ആട്ടം’ സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങി നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. തിരക്കഥ, സംവിധാനം, ഛായാഗ്രഹണം എന്നിങ്ങനെ സർവ മേഖലകളിലും മികവ് പുലർത്തിയ സിനിമയാണ് കിഷ്കിന്ധാ കാണ്ഡം എന്നും ഈ ചിത്രത്തിലൂടെ ഏറ്റവും അധികം ബോക്സ്ഓഫീസ് ഗ്യാരന്റിയുള്ള നടനായി ആസിഫ് അലി മാറിയെന്നുമാണ് അനൂപ് മേനോൻ പറഞ്ഞത്.
‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്.