ടൊറൻ്റോ : കിഴക്കൻ പ്രവിശ്യകളിൽ അണുബാധ വർധിക്കുകയും കെബെക്കിൽ കുറയുകയും ചെയ്യുമ്പോൾ ഒൻ്റാരിയോയിൽ വില്ലൻ ചുമ കേസുകൾ റെക്കോർഡ് വർധന രേഖപ്പെടുത്തി. എന്നാൽ ഈ വർഷം പകർച്ചവ്യാധിയുടെ ഗതി പ്രവചിക്കാൻ ബുദ്ധിമുട്ടാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
കോവിഡ് മഹാമാരിക്ക് മുമ്പുള്ള വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് വില്ലൻ ചുമ കേസുകൾ രാജ്യത്തുടനീളം ഇത്ര അധികം വർധിക്കുന്നത്. കെബെക്ക്, ഒൻ്റാരിയോ, ന്യൂബ്രൺസ് വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യകളിൽ ഈ വർഷം വില്ലൻ ചുമ കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു. ഒൻ്റാരിയോയിൽ കേസുകളിലെ നിരക്ക് പ്രത്യേകിച്ചും ഉയർന്നതായി മൺട്രിയോളിലെ പീഡിയാട്രിക് പകർച്ചവ്യാധി വിദഗ്ധൻ ഡോ. ജെസ്സി പാപ്പൻബർഗ് പറയുന്നു. വാക്സിനേഷൻ എടുക്കാത്ത ശിശുക്കൾക്കും കുട്ടികൾക്കും പ്രായമായവർക്കും വില്ലൻ ചുമ കടുത്ത ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കും. സെപ്റ്റംബർ 9 വരെ ഒൻ്റാരിയോയിൽ 1,016 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കെബെക്കിലാണ്. ഈ വർഷം ഇതുവരെ കെബെക്കിൽ 13,716 കേസുകളാണ് ഉണ്ടായിട്ടുള്ളത്.
വില്ലൻ ചുമ, അല്ലെങ്കിൽ പെർട്ടുസിസ്, ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്ന സാംക്രമിക അണുബാധയാണ്. Bordetella pertussis എന്ന ബാക്ടീരിയയാണ് ഇതിന് കാരണം. മൂക്കൊലിപ്പ്, പനി, നേരിയ ചുമ എന്നിവയ്‌ക്കൊപ്പം ജലദോഷത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രധാന ലക്ഷണങ്ങളായി കണ്ടുവരുന്നു. രോഗബാധിതനായ വ്യക്തിയുടെ ചുമയിലൂടെയും തുമ്മലിലൂടെയുമാണ് വില്ലൻ ചുമ പടരുന്നത്. പ്രധാനമായും പെർട്ടുസിസ് വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷനാണ് വില്ലൻ ചുമയിൽ നിന്നും പ്രതിരോധിക്കാനുള്ള മാർഗ്ഗം. ആറ് മുതൽ എട്ട് ആഴ്ച വരെ പ്രായമുള്ളപ്പോൾ ആദ്യ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കണം. കുട്ടികൾ ആദ്യ രണ്ട് വർഷങ്ങളിൽ നാല് ഡോസുകൾ നൽകണം. ഗർഭിണികളിലും ഒരു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിലും, രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി ആറാഴ്ചയ്ക്കുള്ളിൽ ആൻറിബയോട്ടിക്കുകൾ നൽകണം.