ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് വഷു ഭഗ്‍നാനിക്കെതിരെ സിനിമയുടെ സംവിധായകൻ അലി അബ്ബാസ് സഫര്‍ സിനിമാ സംഘടനയിൽ പരാതിപ്പെട്ടതായി റിപ്പോർട്ട്. വഷു ഭഗ്‍നാനി തനിക്ക് 7.30 കോടി രൂപ നല്‍കാനുണ്ടെന്ന് ആരോപിച്ച് അലി അബ്ബാസ് സഫര്‍ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസ് എന്ന സംഘടനയിൽ പരാതിപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജൂലൈ മാസത്തിൽ നൽകിയ പരാതിയെക്കുറിച്ച് ഇപ്പോഴാണ് വാർത്തകൾ പുറത്തുവരുന്നത്. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഫെഡറേഷന്‍ നിര്‍മ്മാതാവിന് കത്തും നല്‍കിയതായും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ പല സാങ്കേതിക പ്രവർത്തകരും നിർമ്മാതാവിനെതിരെ സമാനമായ പരാതികളുമായി എത്തിയിരുന്നു.

2024 ഏപ്രിലിൽ ഈദ് ദിനത്തിൽ തിയേറ്ററുകളിലെത്തിയ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ 350 കോടിയോളം ബജറ്റിലാണ് ഒരുക്കിയത്. 95 കോടി മാത്രമാണ് സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയത്. അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ പൃഥ്വിരാജാണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ.
അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.