കിച്ചനർ : ഇന്ന് രാവിലെ വെല്ലസ്ലി ടൗൺഷിപ്പിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ ഒമ്പതരയോടെ ഹെസെൻ സ്ട്രാസെ, ഗ്രീൻവുഡ് ഹിൽ റോഡ് ഇന്‍റർസെക്ഷനിൽ ടെസ്‌ലയും ഡോഡ്ജ് റാമും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് വാട്ടർലൂ റീജൻ പൊലീസ് അറിയിച്ചു.

ടെസ്‌ലയുടെ ഡ്രൈവർ 25 വയസ്സുള്ള കേംബ്രിഡ്ജ് സ്വദേശിയും യാത്രക്കാരിൽ ഒരാളായ 30 വയസ്സുള്ള കിച്ചനർ സ്വദേശിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെ യാത്രക്കാരിയായ 23 വയസ്സുള്ള കിച്ചനർ സ്വദേശിനിയായ യുവതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവർ മരിച്ചതായി സ്ഥിരീകരിച്ചു. ടെസ്‌ലയിൽ ഉണ്ടായിരുന്ന നാലാമത്തെ യാത്രക്കാരനായ 23 വയസ്സുള്ള കിച്ചനർ സ്വദേശിയെ പരുക്കുകളോടെ സമീപത്തെ ആശുപത്രിയിലെ പ്രവേശിപ്പിച്ചിട്ടുണ്ട്. പെർത്ത് കൗണ്ടി സ്വദേശികളായ 28 വയസ്സുള്ള ഡോഡ്ജ് റാമിൻ്റെ ഡ്രൈവർക്കും യാത്രക്കാരിയായ യുവതിയ്ക്കും പരുക്കേറ്റു. ഇരുവരെയും പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അന്വേഷണത്തിന്‍റെ ഭാഗമായി ഹെസെൻ സ്ട്രാസെ-ഗ്രീൻവുഡ് ഹിൽ റോഡ് മണിക്കൂറുകളോളം അടച്ചിട്ടിരുന്നെങ്കിലും പിന്നീട് തുറന്നു. അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന് ദൃക്‌സാക്ഷികളായവരോ ഡാഷ്‌ക്യാം ദൃശ്യങ്ങളുള്ളവരോ WRPS ട്രാഫിക് സർവീസസ് യൂണിറ്റിനെ 519-570-9777 എന്ന നമ്പറിലോ www.waterloocrimestoppers.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടണമെന്ന് വാട്ടർലൂ റീജൻ പൊലീസ് അഭ്യർത്ഥിച്ചു.