ഓട്ടവ : ജൂലൈ ഒന്നിന് രാജ്യത്തെ ജനസംഖ്യ 41,288,599 ആയി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 250,229 പേരെ കൂട്ടിച്ചേർത്ത് ഈ വർഷം രണ്ടാം പാദത്തിൽ ജനസംഖ്യയിൽ 0.6% വളർച്ച കൈവരിച്ചതായും ഫെഡറൽ ഏജൻസി അറിയിച്ചു. 240,303 പേരെ കൂട്ടിച്ചേർത്ത രാജ്യാന്തര കുടിയേറ്റമാണ് ജനസംഖ്യയിലെ ഈ വർധനയ്ക്ക് കാരണം. അതേസമയം 2023-ലെ ഇതേ പാദത്തിൽ 0.8 ശതമാനവും 2022 രണ്ടാം പാദത്തിൽ 0.7 ശതമാനവും കണക്കിലെടുക്കുമ്പോൾ വളർച്ചാ നിരക്ക് കുറഞ്ഞതായും ഏജൻസി റിപ്പോർട്ട് ചെയ്തു.

ത്രൈമാസത്തിൽ 1.0% വർധനയോടെ പ്രവിശ്യകളിലും പ്രദേശങ്ങളിലും ഏറ്റവും വേഗതയേറിയ ജനസംഖ്യ വളർച്ചാ നിരക്ക് ആൽബർട്ടയിൽ രേഖപ്പെടുത്തി. അതേസമയം 0.1% മാത്രം ജനസംഖ്യ വളർച്ച കൈവരിച്ച നോർത്ത് വെസ്റ്റ് ടെറിറ്ററീസ് ഏറ്റവും പിന്നിലാണ്.