ഹാലിഫാക്സ് : ഇടിവെട്ട് സ്മാഷുകൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ഹാലിഫാക്സ്. അറ്റ്ലാൻ്റിക് കാനഡയിലെ ആദ്യ മലയാളി വോളിബോൾ ടൂർണമെൻ്റ് NS SUPER SMASHERS CUP 1.0 നാളെ ഹാലിഫാക്സിൽ അരങ്ങേറും. എൻഎസ് സൂപ്പർ സ്മാഷേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെൻ്റ് നാളെ രാവിലെ പത്ത് മുതൽ ഹാലിഫാക്സ് ലാറി യുറ്റെക്ക് ഫ്രഞ്ച് സ്കൂളിലാണ് നടക്കുക.
മലയാളി സമൂഹത്തിന്റെ കായിക സജീവതയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ടൂർണമെൻ്റിൽ നിരവധി ടീമുകൾ പങ്കെടുക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. ടൂർണമെൻ്റിന്റെ വിജയത്തിനായി എൻഎസ് സൂപ്പർ സ്മാഷേഴ്സ് ക്ലബ്ബിനൊപ്പം പ്രവിശ്യയിലുടനീളമുള്ള നിരവധി സംഘടനകൾ പങ്കാളികളാകും. നാളെ രാത്രി എട്ടു മണിയോടെ നടക്കുന്ന സമാപന ചടങ്ങിൽ ടൂർണമെൻ്റ് വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്യും. വോളിബോൾ മത്സരങ്ങൾ കാണാനും ടീമുകളെ പ്രോത്സാഹിപ്പിക്കാനും മലയാളി കായിക പ്രേമികളെ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.