ഓട്ടവ : ചൈനയിൽ നിന്നുള്ള തിരഞ്ഞെടുത്ത സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25% അധിക നികുതി ചുമത്തി കാനഡ. അധിക നികുതി ഒക്ടോബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഒക്ടോബർ 15 മുതൽ തിരഞ്ഞെടുത്ത ചൈനീസ് സ്റ്റീൽ, അലൂമിനിയം ഉൽപ്പന്നങ്ങൾക്ക് 25% അധിക നികുതി ചുമത്തുമെന്ന് ചുമത്തുന്ന യുണൈറ്റഡ് സ്റ്റേറ്റ്സും പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതൽ (ഒക്ടോബർ ഒന്ന്) ട്രക്കുകൾ, ബസുകൾ എന്നിവയുൾപ്പെടെ എല്ലാ ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾക്കും (ഇവികൾ) കാനഡയുടെ 100% താരിഫ് പ്രാബല്യത്തിൽ വന്നു. ഓഗസ്റ്റ് അവസാനം ആഭ്യന്തര ഉൽപ്പാദനം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അലൂമിനിയത്തിനും സ്റ്റീലിനും 25% താരിഫിനൊപ്പം ഇലക്ട്രിക് വാഹനങ്ങൾക്ക് 100% താരിഫും ചുമത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.
സ്റ്റീൽ, അലുമിനിയം മേഖലകളിലെ കനേഡിയൻ തൊഴിലാളികളെയും വ്യാപാര-വ്യവസായ സ്ഥാപനങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിയെന്ന് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് പ്രസ്താവനയിൽ പറഞ്ഞു. ആഗോള കമ്പോളത്തിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ചൈന കാനഡയിലെ വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും ഭീഷണിയാണെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു നടപടിക്കൊരുങ്ങുന്നതെന്നും അവർ വ്യക്തമാക്കി.