ഓട്ടവ : കടുത്ത വേനൽക്കാലത്തിന് ശേഷം ഒക്ടോബറിന്റെ തുടക്കത്തിൽ കാനഡയിലെ പല പ്രവിശ്യകളും തണുത്ത കാലാവസ്ഥയിലേക്ക് നീങ്ങുന്നു. ഇന്ന് രാവിലെ മുതൽ ചില പ്രവിശ്യകളിൽ മഞ്ഞുവീഴ്ച ആരംഭിച്ചതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു.
ആൽബർട്ട, സസ്കാച്വാൻ ഉൾപ്പെടെയുള്ള പ്രയറി പ്രദേശങ്ങളിൽ ഇന്ന് രാവിലെ മഞ്ഞുമൂടിയതായി കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. കിഴക്കൻ കാനഡയിലുടനീളം, കെബെക്കിലും ന്യൂബ്രൺസ് വിക്കിലും ചൊവ്വാഴ്ച രാത്രിയോടെ മഞ്ഞ് വീഴുമെന്ന് പ്രതീക്ഷിക്കുന്നു. മഞ്ഞുവീഴ്ചയ്ക്ക് പുറമെ ലണ്ടൻ ഒൻ്റാരിയോ ഉൾപ്പെടെയുള്ള ലോവർ ഗ്രേറ്റ് ലേക്സ് പ്രദേശത്ത് ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതായി ഫെഡറൽ ഏജൻസി അറിയിച്ചു. വടക്കൻ ബ്രിട്ടിഷ് കൊളംബിയയിലെ നിരവധി പ്രദേശങ്ങളിൽ 10 സെൻ്റീമീറ്ററിനടുത്ത് മഞ്ഞുവീഴ്ച്ച അനുഭവപ്പെടും. ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെ കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.
തെക്കൻ ആൽബർട്ടയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. അതേസമയം ഒൻ്റാരിയോയിലും കെബെക്കിലും ദിവസം മുഴുവൻ ഇടിയോടു കൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ ഏജൻസി പ്രവചിച്ചു.