വനിതാ ടി 20 ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഷാർജയിലും, ദുബായിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. യുഎഇ സമയം ഉച്ചക്ക് രണ്ടിന് ഷാർജയിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ബംഗ്ലാദേശ് അയർലന്റിനെ നേരിടും. വൈകുന്നേരം ആറിന് ദുബായിൽ പാകിസ്താൻ ശ്രീലങ്കയുമായി ഏറ്റുമുട്ടും.
വെള്ളിയാഴ്ച വൈകീട്ട് ദുബായിൽ ന്യൂസിലന്റനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈമാസം ആറിന് ഉച്ചക്ക് രണ്ടിനായിരിക്കും ഇന്ത്യ പാക് പോരാട്ടം. സമർദങ്ങളില്ലാതെയാണ് കളത്തിലിറങ്ങുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട് മാനന്തവാടി സ്വദേശി സജ്‌ന സജീവൻ, തിരുവനന്തപുരം പേരൂർക്കട സ്വദേശി ആശാ ശോഭന എന്നീ മലയാളികൾ കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യൻ ടീം. ഇന്ത്യയുടെ എല്ലാമത്സരങ്ങളും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. പുരുഷ-വനിതാ മത്സരങ്ങളുടെ സമ്മാനതുക ഏകീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യ ലോകകപ്പ് എന്ന പ്രത്യേകയും ഇത്തവണയുണ്ട്. ബംഗ്ലാദേശിലെ ആഭ്യന്തരസംഘർഷങ്ങളെ തുടർന്നാണ് വനിതാ ടി20 ലോകകപ്പ് യുഎഇയിലെത്തിയത്.